Wednesday, October 7, 2009

പൂച്ചേ പൂച്ചേ ഓടി വാ..!!

ഞങ്ങള്‍ അഞ്ചുപേര്‍ സഹപാഠികള്‍.. നല്ല സുഹൃത്തുക്കള്‍.. ഞാന്‍, ഗോപാലന്‍, ജിതിന്‍, അരുണ്‍, നീരജ്. തൃശ്ശൂര്‍ കോ:ഓപ്പറേറ്റീവ് കോളേജില്‍ ഞങ്ങള്‍ അര്‍മ്മാദിച്ച് നടന്ന കാലം. അങ്ങനെ ഇരിക്കുമ്പോ നമ്മുടെ ഗോപാലന്റെ ചേച്ചിക്ക് കല്യാണം. ഗോപാലന്റെ ആത്മസുഹൃത്തുക്കളായ ഞങ്ങള്‍ നാലുപേര്‍ കല്യാണത്തിന് ക്ഷണിക്കപ്പെട്ടു. അവന്റെ വീട് ആമ്പല്ലൂരടുത്തുള്ള നന്ദിപുലം എന്ന സ്ഥലത്താണ്. നല്ല ഒരു പുഴയും, അമ്പലവും, ആല്‍തറയും ഒക്കെയുള്ള പ്രകൃതിരമണിയമായ ഒരു സ്ഥലം. അവരുടെ തട്ടകത്തമ്മയായ നന്ദിപുലം ഭഗവതിയുടെ സന്നിധിയില്‍ വെച്ചാണ് കല്യാണം. തലേ ദിവസം തന്നെ ഞങ്ങള്‍ അവന്റെ വീട്ടില്‍ ഹാജര്‍വെച്ചു. കല്യാണത്തലേന്ന് വന്നവര്‍ക്ക് ഭക്ഷണ്ം വിളമ്പിയും പിന്നെ മറ്റ് കാര്യങ്ങളുമൊക്കെയായി ഞങ്ങള്‍ എല്ലവരും വളരെ ആക്റ്റീവായിരുന്നു. അടുത്ത ഘട്ടം ഞങ്ങള്‍ക്ക് അവന്റെ വക ഒരു 'വെള്ളമടിപ്പാര്‍ട്ടി'. വളരെ സ്നേഹത്തോടെ അവന്‍പറഞ്ഞവാക്ക് ഓര്ത്തുകൊണ്ട് പ്രതീക്ഷയോടെ ഞങ്ങള്‍ ചെന്നു. പക്ഷേ പരമദുഷട്ടന്നായ അവന്‍ പറഞ്ഞ വാക്ക് പാലിച്ചില്ല. പറഞ്ഞ സാധനത്തിന് പകരം അവിടെ ഞങ്ങളെ കാത്തിരുന്നത് "ലോക്കല്‍ വെട്ടിരുമ്പ്". അവസാനം അതെങ്കിലത് എന്ന് കരുതി വെട്ടിരുമ്പുകൊണ്ട് ഞങ്ങള്‍ തൃപ്തിപ്പെട്ടു.

അടിച്ച് പൂസായി ഒരു ഗാനമേളതന്നെ ഞങ്ങള്‍ അവിടെ നടത്തി..!! ഏകദേശം ഒരു രണ്ട് മണിയോട് കൂടി ഞങ്ങള്‍ എല്ലാവരും ഓഫായി. കല്യാണമണ്ഡപത്തില്‍ കിടന്നുറങ്ങിയ ഞങ്ങള്‍ ഗോപാലന്റെ അച്ഛനാണ് വിളിച്ചുണര്ത്തിയത്. അവിടെ ഒരുക്കങ്ങളെല്ലാം തുടങ്ങിയിരിക്കുന്നു..! കല്യാണത്തിന് വരാന്‍ പോകുന്ന സുന്ദരികളെ മനസില്‍ ധ്യാനിച്ച് ഞങ്ങള്‍ ഉഷാറായി.
പുഴയില്‍ പോയി അര്‍മ്മാദിക്കാം എന്ന് തീരുമാനിച്ചു.... നേരെ ഗോപാലന്റെ വീട്ടിലേക്ക് വെച്ച് പിടിച്ചു, പ്രാഥമികകര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാന്‍. ഒരു പഴയ തറവാടായിരുന്നു അത്. കക്കൂസില്‍ പൈപ്പില്ല. നേരത്തേ വെള്ളം കോരിക്കൊണ്ടൊഴിക്കണം. കക്കൂസ് കൊച്ചിയിലും കിണര്‍ കൊയിലാണ്ടിയിലും..!! ഒരുവിധത്തില്‍ വെള്ളം നിറച്ച് ചാടിക്കേറി...

നോക്കുമ്പോ "പൊക" ഇല്ല എല്ലാം തലേന്നത്തെ അയ്യപ്പന്‍ വിളക്കില്‍ കാലിയാക്കിയിരുന്നു. അവസാനം കോവാലന്‍ അവന്റെ അച്ഛന്റെ ബീഡി എടുത്ത് തന്നു. അതും കൊണ്ട് അകത്തേക്ക് കേറാന്‍ നിക്കുമ്പോ അവന്റെ പിന്‍വിളി "ഡാ വാതിലിന് കുറ്റിയില്ലട്ടോ!!! പാട്ട് പാടിക്കോ അല്ലേ ചൂളമടിച്ചോ.." ഈശ്വരാ!!!!!!! ഒന്ന് ഡൌണ്‍ലോഡ് ചെയ്യാന്‍ എന്തെല്ലാം കഷ്ട്ടപ്പാടാണ് എന്റെ ബില്‍ഗേറ്റ്സ് ഭഗവാനേ...." എന്ന് വിചാരിച്ച് അകത്ത് കയറി ബീഡി കത്തിച്ചു.... അപ്പോഴാണ് പുറത്ത് ഒരു സ്ത്രീശബ്ധം "പൂച്ചേ പൂച്ചേ ഓടിവാ.... അപ്പിയിടണ കാണാന്‍ ഓടിവാ..." ഞാന്‍ ഞെട്ടിപ്പോയി എന്റെ ദൈവമേ എന്റെ 'ചാരിധാര്‍ത്യം...' എന്ത് കഷ്ട്ടമാണ് ഞാന്‍ ഡൌണ്‍ലോഡ് ചെയ്യുന്നത് നാട്ടുകാരെ മുഴുവന്‍ വിളിച്ച് കാണിക്കാന്‍ പോവുകയാണോ?? ഞാന്‍ വേഗം ചാടി എഴുന്നേറ്റ് വാതിലിന് മുകളിലൂടെ തലയിട്ട് പുറത്തേക്ക് നോക്കി. ആ സ്ത്രീമറ്റാരുമായിരുന്നില്ല. നമ്മുടെ കോവാലന്റെ അമ്മശ്രീ ഒരു കൊച്ച് കുട്ടിയെ പിടിച്ച് അവിടെ ഇരിക്കുകയായിരുന്നു. അവര്‍ കുട്ടിയെയും അപ്പിയിടിയിക്കാന്‍ കൊണ്ടുവന്നതാ...! അമ്മേ!!! എനിക്ക് ആശ്വാസമായി...

ഞങ്ങള്‍ എല്ലാവരും പ്രഭാതകര്‍മ്മങ്ങളും, ചായകുടിയും കഴിഞ്ഞ് പുഴയോരത്തേക്ക് നടന്നു.. പോകുന്നവഴി ഞാനീ സംഭവം കൂട്ടുകാരോട് പറഞ്ഞു. അവര്‍ ചിരിച്ചു. കല്യാണത്തിന് വന്ന 'കളറുകളെ 'കണ്ടപ്പോ ഞാന്‍ ആ സംഭവമൊക്കെ മറന്നു. ഞങ്ങള്‍ സുഹൃത്തുക്കള്‍ അവരവരുടെ വീട്ടിലേക്ക് മടങ്ങി.

അടുത്തദിവസം ക്ലാസില്‍ ചെന്നപ്പോ കുട്ടികളെല്ലാം എന്നെ നോക്കി ചിരിക്കുന്നു.. "ങ്ങേ.. ഒറ്റ ദിവസം കൊണ്ട് എന്റെ ഗ്ലാമര്‍ കൂടിയോ??!!" എനിക്ക് ഒന്നും പിടികിട്ടിയില്ല.. ഞാന്‍ ജാസ്മിനോട് കാര്യം ചോദിച്ചു "ഏയ് ഒന്നുല്ലടാ.." അത് പറയുമ്പോഴും അവള്‍ക്ക് ചിരി അടക്കാന്‍ പറ്റുന്നില്ല...!! എനിക്ക് കാര്യം പിടികിട്ടി. ഏതോ സാമദ്രോഹി ഒറ്റുക്പൊടുത്തിരിക്കുന്നു....! എടാ കൂതറകളേ.. എന്നോട് തന്നെ ഇത് ചെയ്യണമായിരുന്നോ??!!! ഞാന്‍ പതുക്കെ സ്കൂട്ടാവാന്‍ നോക്കിയപ്പോ, പൊറകീന്ന് ഒരു അശരീരി.. ജാസ്മിനാണ്... "പൂച്ചേ പൂച്ചേ ഓടിവാ..................!!!!!!"